ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തില്‍പ്പെട്ട തെക്കന്‍ കര്‍ണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന പടന്ന, ഉദിനൂര്‍ എന്നീ ഗ്രാമങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് പടന്ന ഗ്രാമപഞ്ചായത്ത്. ഈ പ്രദേശങ്ങള്‍ ചിറക്കല്‍ രാജാവിന്റെ അധീനതയിലായിരുന്നു. ചിറക്കല്‍ രാജാവിന്റെ കാര്യസ്ഥന്‍മാരായി മായിന്‍ മൂപ്പനും, കൊടക്കര കണ്ണനും ഈ പ്രദേശങ്ങളില്‍ ജോലി നിര്‍വ്വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യകാലത്ത് പടന്ന, ഉദിനൂര്‍ ഗ്രാമങ്ങളുടെ ഭരണപരവും നീതിന്യായപരവുമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വെവ്വേറെ അധികാരി (പട്ടേലര്‍)കള്‍ ഉണ്ടായിരുന്നു. പി.കെ.സി.മുഹമ്മദ് കുഞ്ഞി ഹാജി പടന്ന പട്ടേലരും, വെങ്ങലാട്ട് കുഞ്ഞമ്പു നായര്‍ ഉദിനൂര്‍ പട്ടേലരുമായിരുന്നു. പടര്‍ന്ന മണല്‍ പ്രദേശമായിരുന്നതുകൊണ്ട് പടന്ന എന്ന പേര്‍ വന്നുവെന്നാണ് ഒരു ഐതിഹ്യം. പടിഞ്ഞാറോട്ടൊഴുകുന്ന പുഴയുടെയും പരന്ന മണല്‍തിട്ടയുടെയും ഇടയില്‍ ഉപ്പ് പാടങ്ങള്‍ ഉണ്ടായിരുന്നു. ഉപ്പ് പാടം എന്ന അര്‍ത്ഥത്തില്‍ പടനെ എന്ന് കര്‍ണ്ണാടകത്തില്‍ പറഞ്ഞു വരികയും കാലക്രമേണ അത് പടന്ന ആയിത്തീരുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഉദയനന്‍ വാണ ഊര് എന്നര്‍ത്ഥത്തില്‍ ഉദിനൂര്‍ എന്ന സ്ഥലനാമം വന്നതായി ഐതിഹ്യമുണ്ട്. നീലേശ്വരം അഴി മുതല്‍ വളപട്ടണം അഴിവരെ നീണ്ടുകിടക്കുന്ന പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പടന്ന, ഉദിനൂര്‍ പ്രദേശങ്ങളില്‍ പുരാതന കാലം മുതല്‍ ജനങ്ങള്‍ താമസിച്ചുവന്നിരുന്നു. ഭക്ഷ്യവസ്തുക്കളും കെട്ടിടനിര്‍മ്മാണ വസ്തുക്കളും മലബാറിലെ പ്രസിദ്ധ വ്യാപാരകേന്ദ്രമായ കണ്ണൂരില്‍ നിന്നും കക്കാട് പുഴ-സുല്‍ത്താന്‍തോട്-വളപട്ടണം പുഴ എന്നിവയിലുടെ ചീനവഴിയായി എത്തിക്കുകയാണ് ഉണ്ടായത്. മുന്‍കാലങ്ങളില്‍ ഗതാഗതത്തിന് ജലമാര്‍ഗ്ഗമാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പുഴയോരം, മണല്‍തിട്ട, കൊവ്വല്‍, കൈപ്പാട്, സമതലം, മാട്, കുതിര് തുടങ്ങിയ ഭൂസവിശേഷതകള്‍ ഇവിടെ കാണപ്പെടുന്നു. പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ബ്രാഹ്മണരും, ചില ഭാഗങ്ങളില്‍ ഈഴവ സമുദായക്കാരും താമസിച്ചിരുന്നു. ഓരി പ്രദേശത്ത് താമസിച്ചിരുന്നവര്‍ ബ്രാഹ്മണരായിരുന്നുവെന്ന് പറയപ്പെടുന്നു. പടന്ന പ്രദേശത്ത് കൂടുതലും മുസ്ളീം ജനവിഭാഗമായിരുന്നു താമസിച്ചിരുന്നത്. മാലിക് ദിനാറിന്റെ കാലഘട്ടത്തില്‍ തന്നെ പടന്നയില്‍ ഇസ്ളാം മതം പ്രചരിച്ചിരുന്നു. ആരാധനക്കായി പടന്ന വലിയ ജുമാഅത്ത് പള്ളി ആദ്യകാലത്തുതന്നെ സ്ഥാപിച്ചിരുന്നു. ഈഴവ സമുദായത്തിന്റെ ആരാധനാ കേന്ദ്രമായ പടന്ന മുസ്യ പടന്നയില്‍ സ്ഥിതി ചെയ്യുന്നു. ടിപ്പുസുല്‍ത്താന്റെ കാലത്ത് പുതുക്കി പണിത ജുമാഅത്ത് പള്ളി മലബാര്‍ പ്രദേശത്തെ പ്രസിദ്ധമായ ആരാധനാകേന്ദ്രമാക്കിയിരുന്നു. 1932-ല്‍ രൂപീകൃതമായ ജമാഅത്തുല്‍ ഇസ്ളാം ദര്‍സ് കമ്മിറ്റി ഈ പ്രദേശത്തിന്റെ നാനാതരത്തിലുള്ള ഉയര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ചു. പടന്ന ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഉള്ള സയ്യര്‍ സാഹിബ് വലിയുള്ളഹി തങ്ങളുടെ മഖ്ബറ വളരെ പ്രസിദ്ധമാണ്. പല സിദ്ധികളും ഉണ്ട് എന്ന് പറയപ്പെടുന്ന അദ്ദേഹം സിദ്ധവൈദ്യത്തിലും അനുഷ്ഠാനകര്‍മ്മങ്ങളിലും പ്രസിദ്ധനായിരുന്നു. മൊഹിയ്യദ്ദീന്‍ പള്ളി അങ്കണത്തില്‍ കുടികൊള്ളുന്ന ഫക്കീര്‍ സാഹിബ് വലിയുള്ളഹിയുടെ മഖ്ബറയും പ്രസിദ്ധമാണ്. ജാതിമതഭേദമില്ലാതെ ആഘോഷിച്ചിരുന്ന നിറപൊലി, പുത്തരിയൂണ് തുടങ്ങിയ ആചാരങ്ങളും ഈ പ്രദേശങ്ങളില്‍ സാര്‍വ്വത്രികമായിരുന്നു. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യത്തെ റോഡ് പേക്കടം-എടച്ചാക്കൈ റോഡ,് കുലോത്തെന-തടിയന്‍ കൊവ്വല്‍ റോഡ് എന്നിവയാണ്. പഞ്ചായത്തിലെ തെക്കേക്കാട്, ഓരി, അഴിത്തല, മാച്ചിക്കാട് എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭൂരിഭാഗവും കൃഷി, മത്സ്യബന്ധനം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഓരിയിലെ ഇടയിലെപ്പുര ദേവസ്ഥാനം പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ്. ക്ഷേത്രപാലക ക്ഷേത്രം, കിനാത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രം, അരയാലിന്‍ കീഴില്‍ വിഷ്ണുക്ഷേത്രം, തടിയന്‍കൊവ്വല്‍ മുണ്ടു സുബ്രഹ്മണ്യന്‍ കോവില്‍, കാലിച്ചാന്‍ ദേവസ്ഥാനം, മുസ്ളീം പള്ളികള്‍ തുടങ്ങിയവ ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളായിരുന്നു. ഉദിനൂര്‍ ശ്രീക്ഷേത്രപാലകക്ഷേത്രം പഴക്കം കൊണ്ടും ശില്പഭംഗി കൊണ്ടും പ്രസിദ്ധമാണ്. അവിടെ കാണുന്ന ദാരുശില്പങ്ങളും ചുവര്‍ ചിത്രങ്ങളും ശില്പഭംഗി തുളുമ്പിനില്‍ക്കുന്നവയാണ്. നടക്കാവില്‍ നല്ല രീതിയില്‍ ആഴ്ചചന്ത പ്രവര്‍ത്തിച്ചിരുന്നു. കാട്, കടപ്പുറം, പടന്ന, ഓരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മത്സ്യം, കയറുല്‍പന്നങ്ങള്‍ തുടങ്ങിയവ കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. റെയില്‍വേ ലൈനിന്റെ കിഴക്ക്ഭാഗത്തുള്ള പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് പൊതുജന വായനശാല പ്രസിദ്ധമായിരുന്നു. പൂരക്കളി, മാപ്പിള കലാരൂപങ്ങളായ ദഫ്മുട്ട്, കോല്‍ക്കളി എന്നിവ ഉദിനൂര്‍, എടച്ചാക്കൈ, പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന ഈ പ്രദേശത്ത് രണ്ട് സംസ്കാരങ്ങളുടേയും സമന്വയം അവകാശപ്പെടാം. ഏകദേശം ആയിരം വര്‍ഷത്തെ പഴക്കമുള്ള ഉദിനൂര്‍ കോവിലകം (കൂലോം) ദാരുശില്പങ്ങളും, ചുമര്‍ ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ്. മകരമാസത്തില്‍ നടക്കുന്ന പാട്ടുത്സവം അന്യദേശത്തില്‍ നിന്നുള്ള ജനങ്ങളെപ്പോലും ആകര്‍ഷിച്ചിരുന്നു. 50 വര്‍ഷം മുമ്പുവരെ നാട്ടിലെ വിദ്യാഭ്യാസ സാംസ്കാരിക കലാരംഗം പൊതുവേ ക്ഷേത്രത്തെ കേന്ദ്രമാക്കിയിട്ടുള്ള പരിപാടികളുമായി ബന്ധപ്പെട്ടിരുന്നവയാണെന്ന് പറയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുസ്ളീങ്ങള്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടി സ്ഥാപിച്ച എടച്ചക്കൈ റിഫായി പള്ളി, ഉദിനൂര്‍ ജമാഅത്ത് പള്ളി, പാലത്തേരപള്ളി, അഴിക്കടല്‍ പള്ളി, ഏടച്ചാക്കൈ അല്‍-അമീന്‍ യത്തീംഖാന, ഈര്‍സ്സാദുള്‍ ഇസ്ളാം മദ്രസ എന്നിവ ഈ പ്രദേശത്തെ മുസ്ളീം ആരാധനാലയങ്ങളും സ്ഥാപനങ്ങളുമാണ്. ഈ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന പടന്നപ്പറ, മുദ്രപ്പറ വളരെ പ്രസിദ്ധമായിരുന്നു. നാടിന്റെ ഏതു സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പരേതരായ വി.കെ.പി.അബ്ദുള്‍ കാദര്‍ മൌലവി, പി.കെ.സി.മുഹമ്മദ്കുഞ്ഞിഹാജി പട്ടേലര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രമ്യമായി പരിഹരിക്കപ്പെട്ടിരുന്നു.